ജാലകം

Monday, September 5, 2011

ജംഗമ വിളക്ക്



എല്ലാം വീതം വെച്ചു കഴിഞ്ഞപ്പോള്‍  തറവാട്ടില്‍ അഞ്ചു ജംഗമ വസ്തുക്കള്‍ മാത്രം ബാക്കിയായി .....
ഒരു  പിച്ചളക്കോളാമ്പി,വെള്ളോട്ട് കിണ്ടി വെത്തില താമ്പാളം ചങ്ങല വട്ട,പിന്നെ .......
പോളിഷ് ചെയ്താല്‍ ഡ്രോയിംഗ് റൂമില്‍ പൂപാത്രമായെന്നു കരുതിക്കൊണ്ട് പിച്ചളക്കോളാമ്പി സുമിത്രയാണ് എടുത്തത്‌.
ആര്‍ക്കും വേണ്ടാത്തത് ഞാന്‍  എടുക്കുന്നു എന്ന ഭാവത്തില്‍ വെള്ളോട്ട് കിണ്ടി സാവിത്രിയും കയ്യിലാക്കി ...
ബോഫെ നടത്തുമ്പോള്‍ വെള്ളി കെട്ടിയ വെത്തില തമ്പാളത്തില്‍ ഡ്രൈ ഫ്രൂട്സ് വിളമ്പാമെന്നു അടക്കം പറഞ്ഞത് ജയപാലന്‍റെ ഭാര്യ.....
ചങ്ങല വട്ട ജയരാമനും പങ്കിട്ടു.........
ഒടുവില്‍ ആര്‍ക്കും വേണ്ടാതെ എല്ലാവര്‍ക്കും അവകാശപ്പെട്ടു തറവാട്ട്‌ മൂലയിലെ ജംഗമ വിളക്ക് പോലെ........
'' അമ്മക്ക് അവിടുത്തെ കാലാവസ്ഥ പിടിക്കൊന്നു തോന്നണില്ല ...''
മൂത്ത മകള്‍ ആദ്യമേ പറഞ്ഞിരുന്നു.
''ഈ വലിയ തറവാട്ടില്‍ ജീവിച്ച അമ്മയെങ്ങിനെയാണ് എന്‍റെ കൊച്ചു ഫ്ലാറ്റില്‍ അഡ്ജസ്റ്റ്  ചെയ്യുക.....''ഇളയവളും പറഞ്ഞു.
ജയപാലന്‍റെ ഭാര്യയാണ് ആകെ സങ്കടപ്പെട്ടു പോയത്......
''ഗുരുവായൂരപ്പാ...അമ്മ നമ്മുടെ മാര്‍ബിള്‍ പതിച്ച നിലത്തെങ്ങാനും വഴുതി വീണാലോ......?''
ജയരാമന്‍ ഭാര്യയുടെ മുഖത്തേക്കാണ് നോക്കിയത്.അവളാകട്ടെ കണ്ണുകള്‍ പാതിയടച്ച്‌ ഏതോ ഒരു വൃദ്ധ സദനത്തിലെ ഫോണ്‍ നമ്പര്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു....................................